ജില്ലാതല പ്രവേശനോത്സവം വീണ്ടും ചേര്‍ത്തലയില്‍



ഉപജില്ലയ്ക്ക് അഭിമാനമായി ഈ വര്‍ഷവും ജില്ലാതല പ്രവേശനോത്സവം ചേര്‍ത്തല ഉപജില്ലയിലെ പൊള്ളെത്തൈ ഗവ.ഹൈസ്കൂളില്‍ വെച്ച് പ്രൗഢഗംഭീരമായി നടന്നു.എസ്.എസ്.എല്‍.സി പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന്റെ പ്രഭയില്‍ നില്‍ക്കുന്ന പൊള്ളെത്തൈ ഗവ.ഹൈസ്കൂളിനും ഇത് അഭിമാന മുഹൂര്‍ത്തമായി.ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ അമ്പത്തിയാറ് കുരുന്നുകളേയും ബലൂണുകള്‍ നല്‍കി സ്വീകരിച്ചു.ബാഗും കുടയും യൂണിഫോമും പി.റ്റി.എ സൗജന്യമായി നല്‍കി. ചരിത്രവിജയം നേടിയ പത്താം ക്ലാസ്സിലെ കുട്ടികളെ ആദരിക്കുകയും ജില്ലാ പഞ്ചായത്തിന്റെ വകയായി പഠനോപകരണങ്ങള്‍ നല്‍കുകയും ചെയ്തു.സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പായസം നല്‍കിക്കൊണ്ട് ആദ്യദിനം ഏറെ മാധുര്യമുള്ളതാക്കി തീര്‍ക്കാന്‍ സ്കൂള്‍ അധികൃതര്‍ക്കു കഴിഞ്ഞു.കഴിഞ്ഞവര്‍ഷം എസ്.എല്‍.പുരം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളായിരുന്നു വേദി.രണ്ടുവര്‍ഷം തുടര്‍ച്ചയായി വേദിയൊരുക്കാന്‍ കഴിഞ്ഞതില്‍ ഉപജില്ലയ്കും അഭിമാനിക്കാം.
ജൂണ്‍ ഒന്നാം തിയതി രാവിലെ പത്തുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പ്രതിഭാഹരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ജി.രാജേശ്വരി അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഓമനക്കുട്ടിയമ്മ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ് ജോര്‍ജ്,മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി സ്നേഹജന്‍ വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്കൂള്‍ പ്രഥമാധ്യാപിക സി.കെ ശശികല സ്വാഗതവും ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന അഡ് മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വിലാസിനി കേദാരമംഗലത്ത് നന്ദിയും അര്‍പ്പിച്ചു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ യു.സുരേഷ് കുമാര്‍,ചേര്‍ത്തല ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സി.സി മധു,ചേര്‍ത്തല വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എ.ഗീത, പി.റ്റി.എ പ്രസിഡന്റ് റ്റി.കെ സുരേഷ് കുമാര്‍ എന്നിവര്‍ പ്രവേശനോത്സവത്തിന് നേതൃത്വം നല്‍കി.









ഉപജില്ലാ പ്രവേശനോത്സവം
ചേര്‍ത്തല ഉപജില്ലാ പ്രവേശനോത്സവം ഗവ.ടൗണ്‍ എല്‍.പി.എസില്‍ ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ എഴുപത്തിയൊന്ന് കുട്ടികള്‍ക്കും പൂച്ചെണ്ടും ബലൂണുകളും മധുരപലഹാരങ്ങളും നല്‍കി സ്വീകരിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ലതിക,വാര്‍ഡ് കൗണ്‍സിലര്‍ സല്‍മ സുനില്‍,പി.റ്റി.എ പ്രസിഡന്റ് സജി എന്നിവര്‍ പ്രസംഗിച്ചു.ഹെഡ് മാസ്റ്റര്‍ ഡി.അപ്പുക്കുട്ടന്‍ നായര്‍, സിന്ധു, മഹിളാമണി, ബീമാ ബീഗം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രവേശനോത്സവങ്ങളിലൂടെ …................
ഗവ.എല്‍.പി.എസ്, മുഹമ്മ – ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ജയിംസ് ചാക്കോ ഉദ്ഘാടനം നിര്‍വഹിച്ചു.ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ മുപ്പത്തിയഞ്ചു കുട്ടികള്‍ക്കും മുന്‍ വിദ്യാര്‍ഥി കൂടിയായ ഇന്‍ഫോസിസ് സാരഥി എസ്.ഡി ഷിബുലാല്‍ ബാഗും കുടയും സൗജന്യമായി വിതരണം ചെയ്തു.പ്രശസ്ത സംഗീത സംവിധായകന്‍ ആലപ്പി ഋഷികേശ് കുട്ടികള്‍ക്കായി മധുരഗീതങ്ങള്‍ ആലപിച്ചു.പി.റ്റി.എ യുടെ വകയായ മധുരപലഹാരങ്ങള്‍ കൂടിയായപ്പോള്‍ കുട്ടികള്‍ക്ക് വിദ്യാലയം മധുരതരമായ അനുഭവമായി മാറി. സീനിയര്‍ അസിസ്റ്റന്റ് എസ്.ജയലക്ഷ്മി, പി.റ്റി.എ പ്രസിഡന്റ് ഡി.സജിമോന്‍ എന്നിവര്‍ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു.
എസ്.സി.എം.വി.ഗവ.യു.പി.എസ്, ചെട്ടികാട് - ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ അറുപത്തിനാല് കുട്ടികള്‍ക്കും പുത്തന്‍ കുടകള്‍ നല്‍കി എതിരേറ്റു.കഴിഞ്ഞ വര്‍ഷം സ്കൂളില്‍ പഞ്ചവാദ്യം പഠിച്ച കുട്ടികളുടെ അരങ്ങേറ്റം നടത്തുകയും പ‍ഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുട്ടികളെ സ്കൂളിലേക്ക് ആനയിക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പ്രതിഭാ ഹരി സമ്മേളനം ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റ് കെ.എം അലോഷ്യസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ജി.രാജേശ്വരി, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി സ്നേഹജന്‍, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന ടീച്ചര്‍ തു‍ടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഗവ.എല്‍.പി.എസ്, പെരുന്നേര്‍മംഗലം – മാരാരിക്കുളം വടക്ക് പ‍ഞ്ചായത്തുതല പ്രവേശനോത്സവം പ്രസിഡന്റ് പ്രഭാ മധു ഉദ്ഘാടനം ചെയ്തു.പഞ്ചവാദ്യഘോഷത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ കുട്ടികളെ ആനയിച്ചു.പുതുതായി ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും നോട്ട് ബുക്കും പേനയും നല്‍കി.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജസ്സി ജോസി അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് എം.ഡി അനില്‍കുമാര്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാതാപിതാക്കളും കുട്ടികളും അധ്യാപകരും കത്തിച്ച മെഴുകുതിരികള്‍ കയ്യിലേന്തിക്കൊണ്ട് പ്രതിജ്ഞാവാചകങ്ങള്‍ ഏറ്റുചൊല്ലി. പ്രഥമാധ്യാപിക ഗിരിജ ടീച്ചര്‍, പി.റ്റി.എ പ്രസിഡന്റ് ദീപാ സുനില്‍ എന്നിവരുടെ സംഘാടന മികവ് പരിപാടികള്‍ക്ക് ചാരുതയേകി.
ഗവ.എല്‍.പി.എസ്, ചേര്‍ത്തല നോര്‍ത്ത് – അലങ്കാരങ്ങളാല്‍ വര്‍ണാഭമായ വിദ്യാലയാന്തരീക്ഷത്തിലേക്ക് കടന്നുവന്ന കുരുന്നുകള്‍ക്ക് മധുരപലഹാരങ്ങളും പാലും നല്‍കി ഹൃദ്യമായ വരവേല്‍പാണ് ഒരുക്കിയത്.ചേര്‍ത്തല നോര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
വയലാര്‍ നോര്‍ത്ത് ഗവ.എല്‍.പി.എസ് - പഞ്ചായത്തുതല പ്രവേശനോത്സവം പ്രസിഡന്റ് അഡ്വ.സിജി ഷിബു ഉദ്ഘാടനം ചെയ്തു.എല്ലാ വാര്‍ഡ് മെമ്പര്‍മാരും ചേര്‍ന്ന് ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികളെയും കിരീടമണിയിച്ച് സ്വീകരിച്ചു.വൈസ് പ്രസിഡന്റ് എ.ജി അശോകന്‍ സൗജന്യ യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക എസ്.അനിത, പി.റ്റി.എ പ്രസിഡന്റ് നെജി, സുനന്ദാഭായി, ബി.ആര്‍.സി ട്രെയിനര്‍ എന്‍.മിനി എന്നിവര്‍ നേതൃത്വം നല്‍കി.




അഭിപ്രായങ്ങള്‍