അവധിക്കാല അധ്യാപക ശാക്തീകരണം


         സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പു തന്നെ അധ്യാപക ശാക്തീകരണ പരിപാടികള്‍ പൂര്‍ത്തിയായതിനാല്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് എല്ലാ അധ്യാപകരും സ്കൂളുകളിലേക്കെത്തുന്നത്. 2011മേയ് 10ന് ആരംഭിച്ച് മേയ് 25ന് അവസാനിച്ച അവധിക്കാല പരിശീലനം മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്.എല്‍.പി വിഭാഗത്തില്‍ നാലു ദിവസം മലയാളം, പരിസരപഠനം,കണക്ക് എന്നീ വിഷയങ്ങളും നാലു ദിവസം ഇംഗ്ലീഷുമാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയത്.യു.പി വിഭാഗത്തില്‍ നാലു ദിവസം വീതം രണ്ടു വിഷയങ്ങളില്‍ പരിശീലനം നല്‍കി.മൂന്നാം ഘട്ടത്തില്‍ ഓരോ വിദ്യാലയത്തിലെയും എല്ലാ അധ്യാപകരും ഒന്നിച്ചു ചേര്‍ന്നുള്ള വിദ്യാലയ മികവിനായുള്ള പ്ലാനിംഗാണ് നടന്നത്.അങ്ങനെ പ്രൈമറി തലത്തിലെ ഓരോ അധ്യാപകനും ചുരുങ്ങിയത് പത്തു ദിവസത്തെ അവധിക്കാല പരിശീലനം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ സാധിച്ചു.
           ഉപജില്ലയിലെ വിവിധ സെന്ററുകളിലായി ഒരേസമയം ഇരുപത്തിരണ്ടോളം ബാച്ചുകളിലായാണ് പരിശീലനം നടന്നത്.എല്ലാ ബാച്ചുകളിലും ഫാന്‍, കുടിവെള്ളം,സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍, ലാപ് ടോപ്, എല്‍.സി.ഡി പ്രൊജക്ടര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു.പൊതുവേ പരാതികളില്ലാതെ, സമയബന്ധിതമായി, അച്ചടക്കത്തോടെ അധ്യാപകശാക്തീകരണ പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്.
പങ്കാളിത്തത്തിന്റെ കാര്യത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.എല്‍.പി വിഭാഗത്തില്‍ 368 അധ്യാപക തസ്തികകള്‍ ഉള്ളതില്‍ 281 പേരും (79%) യു.പി വിഭാഗത്തില്‍ 387 ല്‍ 324 പേരും (94%) പരിശീലനത്തില്‍ പങ്കെടുത്തു.കുറച്ച് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതും പ്രഥമാധ്യാപകര്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നതുമാണ് എല്‍.പി വിഭാഗം പങ്കാളിത്തം കുറയാന്‍ കാരണമായത്.
             ഒന്ന്,രണ്ട് ക്ലാസ്സുകളില്‍ ബിഗ് പിക്ചര്‍, ഗണിതവല്‍ക്കരണം, കളികളിലൂടെയുള്ള പഠനം, വായനാ സാമഗ്രികളുടെ നിര്‍മാണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിശീലനമാണ് നല്‍കിയത്. മൂന്ന്,നാല് ക്ലാസ്സുകളില്‍ ഗണിതം,പരിസരപഠനം ആശയങ്ങള്‍ ഉറപ്പിക്കുന്നതിനും കുട്ടികളെ സ്വതന്ത്ര വായനക്കാരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്.ഇംഗ്ലീഷ് പരിശീലനത്തില്‍ സ്കൂള്‍ ഒരു യൂണിറ്റായി പരിഗണിച്ചു കൊണ്ടുള്ള ആസൂത്രണം,ആക്റ്റിവിറ്റി കലണ്ടര്‍ തയ്യാറാക്കല്‍, കോറിയോഗ്രഫി, ഗ്രാഫിക് റീഡിംഗ്, ഓര്‍ഗാനിക് റീഡിംഗ്,പഠനത്തെളിവുകള്‍ എന്നിവയില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞു.
യു.പി വിഭാഗം മലയാളത്തില്‍ ആഴത്തിലുള്ള വായന, അഭിമുഖം,നാടകം എന്നിവയ്ക്കും ഹിന്ദിയില്‍ ഡി.റ്റി.പി, വായന- ഒരുസംസ്കാരം, എഡിറ്റിംഗ്,തിരക്കഥാരചന, ചിന്ത, അനുരൂപീകരണം, പോര്‍ട്ട് ഫോളിയോ, വിലയിരുത്തല്‍ എന്നിവയ്ക്കും പ്രാധാന്യം നല്‍കി.ഗണിതാശയങ്ങള്‍ വളരെ രസകരമായും ഫലപ്രദമായും കുട്ടികള്‍ക്ക് അനുഭവവേദ്യമാകുന്നതിനുള്ള വ്യത്യസ്ത തന്ത്രങ്ങളാണ് ഗണിത പരിശീലനത്തിലൂടെ പരിചയപ്പടുത്തിയത്. ടി.എല്‍.എം നിര്‍മാണം, ഐ.സി.ടി സാധ്യതകള്‍, ഡേറ്റാ ബാങ്ക്, പസിലുകള്‍ എന്നീ സെഷനുകള്‍ ഏറെ പ്രയോജനകരമായി.
         സാമൂഹ്യശാസ്ത്രത്തില്‍ പാഠഭാഗങ്ങളെ ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി ക്ലാസ്സ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് പ്രാധാന്യം നല്‍കി.സെമിനാര്‍, ചര്‍ച്ച, വായനാക്കുറിപ്പ്, എന്നിവയില്‍ ധാരണ വരുത്തുന്നതിന് ധാരാളം വീഡിയോ ക്ലിപ്പിംഗുകള്‍ പ്രയോജനപ്പെടുത്തിയത് അധ്യാപകര്‍ക്ക് ഉപകാരപ്രദമായി.അടിസ്ഥാന ശാസ്ത്രത്തില്‍ ലാബ് നവീകരണം, ഇന്റര്‍നെറ്റ് വിവരശേഖരണം, പാഠഭാഗങ്ങളുടെ സമഗ്രാസൂത്രണം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിശീലനമാണ് നല്‍കിയത്.
           പരിശീലനം നേടിയ, മതിയായ ആര്‍.പി മാരുടെ ജനാധിപത്യപരമായ ഇടപെടലുകളും ഐ.സി.ടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയതും പരിശീലനസാമഗ്രികളുടെ സുലഭ്യതയും സെന്ററുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ക്രമീകരണങ്ങളും കൃത്യമായ മോണിറ്ററിംഗും ഒക്കെക്കൂടി മെച്ചപ്പെട്ട ശാക്തീകരണാനുഭവം ഒരുക്കാന്‍ ചേര്‍ത്തല ബി.ആര്‍.സി യ്ക്ക് കഴിഞ്ഞു.









അഭിപ്രായങ്ങള്‍