ഹരിതവിദ്യാലയം നമുക്ക് നല്‍കുന്ന സന്ദേശം

http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/maruvakku-article-150816
കേരളത്തിലെ ഏറ്റവും മികച്ച സ്‌കൂളുകളെ കണ്ടെത്താന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വിക്‌ടേഴ്‌സ് ചാനലും ചേര്‍ന്നു നടത്തുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ടിലെ അവസാന ദിവസങ്ങളിലൊന്നിലാണ് പെരിങ്ങോട് എ.എല്‍.പി.എസ്. വന്നത്. കുന്നിമണികള്‍ പോലെ ഇത്തിരിപ്പോന്ന ആറേഴു കുഞ്ഞുങ്ങള്‍ പ്രസരിപ്പോടെ മുന്നിലിരുന്നു. സ്‌കൂള്‍ പൂരിപ്പിച്ചയച്ചുതന്ന ചോദ്യാവലിയില്‍ രേഖപ്പെടുത്തിയിരുന്ന ഒരു പ്രവര്‍ത്തനം ചാന്ദ്രയാത്രികരുമായി സാങ്കല്‍പ്പിക മുഖാമുഖം നടത്തി എന്നതായിരുന്നു. അക്ബര്‍ കക്കട്ടില്‍ ഗോകുല്‍ എന്ന കുട്ടിയോടു ചോദിച്ചു, മോന്‍ ചന്ദ്രനില്‍ പോയി എന്നു സങ്കല്‍പ്പിച്ച് അവിടെ കണ്ടതൊക്കെ ഒന്നു പറഞ്ഞു തരാമോ? ഗോകുല്‍ ഒരു ഗൗരവക്കാരനാണ്. അദ്ദേഹം വളരെ ആലോചിച്ച് വളരെ സാവധാനം ഇങ്ങനെ ഉത്തരം നല്‍കി:

''പാറക്കല്ലുകള്‍.. ''
'' അതു മാത്രമേയുള്ളോ ? ''
'' കുഴികള്‍.. ''
'' അത്രേ കണ്ടുള്ളോ? ''
അപ്പോള്‍ ഗോകുല്‍ ഒന്നു കൂടി ആലോചിച്ചു പറഞ്ഞു.
'' അമേരിക്കന്‍ ഫ്‌ളാഗ്.. !''

ഞങ്ങളെല്ലാം കയ്യടിച്ചു പോയി. ഓമനത്തമുള്ള ആ മുഖം ഓര്‍ക്കുമ്പോഴൊക്കെ അവന്റെ കണ്ണുകളിലൂടെ പ്രപഞ്ചത്തെ കാണാന്‍ എനിക്ക് കൊതി തോന്നുന്നു. ഒരുപക്ഷേ, അവനോടൊപ്പം ചന്ദ്രനിലേക്ക് ഒരു യാത്ര പോകാം. റോക്കറ്റിലിരിക്കെ ഇരുണ്ട കറുത്ത ആകാശത്ത് പ്രകാശം വിതറി ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ കൈകള്‍ നീട്ടി സ്​പര്‍ശിക്കാം. ഏഴു വലയങ്ങളും ഭേദിച്ചു ശനിയുടെ തിളങ്ങുന്ന പ്രതലത്തിലൂടെ ഉരുണ്ടിറങ്ങാം. അവനെ തേടി വിചിത്ര നക്ഷത്രങ്ങള്‍ പ്രകാശവര്‍ഷങ്ങള്‍ക്കിപ്പുറത്തേക്ക് ഉല്ലാസയാത്ര നടത്തും. വാല്‍നക്ഷത്രങ്ങള്‍ ബഹിരാകാശത്ത് കൂട്ടം തെറ്റിയ തിളങ്ങുന്ന വാല്‍മാക്രികളെപ്പോലെ പാഞ്ഞു നീന്തും. അവന്‍ ആകാശത്ത് കടലും കടലിനടിയില്‍ ആകാശവും യാഥാര്‍ഥ്യമാക്കും. ഒരുപക്ഷേ ആകാശത്തെ കടലിന്റെ അടിത്തട്ടില്‍ മുങ്ങിപ്പോയ പേടകം പോലെ ചന്ദ്രബിംബത്തെ വീണ്ടും കണ്ടെത്തും. പിഞ്ഞിപ്പോകാത്ത ഒരു കൊടിക്കൂറ ജലത്തിനടിയിലും അവനെ കയ്യാട്ടി വിളിക്കും.

പെരിങ്ങോട് എന്ന കുഞ്ഞു ഗ്രാമത്തിലെ ഒരു കുഞ്ഞു സ്‌കൂളാണ് എ.എല്‍.പി.എസ്്. ആറാം തമ്പുരാന്‍ സ്ഥാപിച്ച വിദ്യാലയം. പഴമയുടെയും ഗ്രാമനൈര്‍മല്യത്തിന്റെയും പരിവേഷം ആ സ്‌കൂളിനെയും ചൂഴ്ന്നു നില്‍ക്കുന്നു. അതിഥി ജൂറിയായി വന്ന ഡോ. ഇ. കൃഷ്ണന്‍ ചോദിച്ച ചോദ്യം ഇതാണ്:

''പതിനെട്ട്, ഇരുപത്തേഴ്, മുപ്പത്താറ്.. ഈ പട്ടികയില്‍ അടുത്ത സംഖ്യ എന്തായിരിക്കും? ''

ഒരു കുട്ടി പറഞ്ഞു : നാല്‍പ്പത്തിമൂന്ന്. എങ്ങനെ കിട്ടി എന്നു ചോദിച്ചപ്പോള്‍ ഒമ്പതു വീതം കൂട്ടി എന്നായിരുന്നു അവന്റെ മറുപടി. വേറെ ആര്‍ക്കെങ്കിലും ഏതെങ്കിലും ഉത്തരമുണ്ടോ എന്നു ചോദിച്ചപ്പോഴാണ് അഞ്ജന കൈ പൊക്കിയത്- നാല്‍പ്പത്തിയഞ്ച്.

''എങ്ങനെയാണ് ഉത്തരം കിട്ടിയത് ? ''

''പതിനെട്ട്, ഇരുപത്തിയേഴ്, മുപ്പത്തിയാറ്..രണ്ടാമത്തെ അക്കം ഓരോന്നു കുറഞ്ഞു വരുന്നു...അപ്പോ അടുത്തത് നാല്‍പത്തിയഞ്ച്....''
ഷൂട്ടിങ് കഴിഞ്ഞ് എഴുന്നേറ്റു വന്ന കൃഷ്ണന്‍ മാഷിന്റെ മുഖം നിറയെ ചിരിയായിരുന്നു. അദ്ദേഹം പറഞ്ഞു -

''മനസ്സു നിറഞ്ഞു ! നമ്മളിനി ഈ കുട്ടിയെ പഠിപ്പിച്ചു നശിപ്പിക്കാതിരുന്നാല്‍ മതി. ''

അതേ വാക്കുകള്‍ ഞാന്‍ മുമ്പു കേട്ടിട്ടുണ്ട്. കൊച്ചി സര്‍വകലാശാലയില്‍ മധ്യവേനലവധിക്കാലത്ത് കുട്ടികള്‍ക്കു വേണ്ടി ശാസ്ത്രക്യാംപ് സംഘടിപ്പിച്ചിരുന്ന ഫിസിക്‌സ് അധ്യാപകന്‍ ഡോ. കെ.ജി. നായരുടെ നാവില്‍നിന്ന്. മധ്യവേനലവധിക്കാലത്ത് കുസാറ്റില്‍ അഞ്ചു മുതല്‍ പത്തു വരെയുള്ള ക്ലാസുകാര്‍ക്കു നടത്തിയ ക്യാംപിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു : അഞ്ചാം ക്ലാസുകാര്‍ക്കാണ് താല്‍പര്യവും ഊര്‍ജ്ജവും കൂടുതല്‍. ബുദ്ധിശക്തി കൊണ്ട് അവര്‍ നമ്മളെ അദ്ഭുതപ്പെടുത്തും. പക്ഷേ, അതേ കുട്ടികള്‍ ആറിലെത്തുമ്പോള്‍ ഉല്‍സാഹം കുറയും. അവര്‍ തന്നെ ഏഴിലും എട്ടിലുമെത്തുമ്പോഴേക്ക് കൂടുതല്‍ കൂടുതല്‍ ഉള്‍വലിയും. പത്താം ക്ലാസിലെത്തുമ്പോഴേക്ക് അവര്‍ തീരെ നിസ്സംഗരും അന്തര്‍മുഖരുമായിത്തീര്‍ന്നിരിക്കും. നമ്മുടെ വിദ്യാഭ്യാസം ചെയ്യുന്നത് ഇതാണ് - മിടുക്കരായ കുട്ടികളുടെ മൗലിക പ്രതിഭ നശിപ്പിച്ച് അവരെ മീഡിയോക്കര്‍ ആക്കിത്തീര്‍ക്കുന്നു...

പ്രതിഭാശാലികളെ മീഡിയോക്കര്‍ ആക്കിത്തീര്‍ക്കുന്ന വിദ്യാഭ്യാസത്തെ അങ്ങനെ അല്ലാതാക്കാനുള്ള ശമമാണ് ഇപ്പോഴത്തെ പാഠ്യപദ്ധതിയെന്ന തിരിച്ചറിവുണ്ടാക്കുന്നതായിരുന്നു ഹരിതവിദ്യാലയം. അവകാശപ്പെടുന്നതൊക്കെ വിദ്യാലയങ്ങള്‍ നടപ്പാക്കുന്നുണ്ടെങ്കില്‍ ഒരു വന്‍ വിപ്ലവത്തിനുതന്നെയാണ് മണ്ണൊരുക്കപ്പെടുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ യാതൊന്നും പഠിക്കാനില്ലെന്നും കളയും പുല്ലും പറിച്ചു പുസ്തകത്തിലൊട്ടിച്ചു വയ്ക്കുന്നതാണ് ആകെ നടക്കുന്നതെന്നും കുട്ടികള്‍ക്ക് യാതൊന്നും അറിയുകയില്ലെന്നുമാണ് ഇതുവരെ കേട്ട വര്‍ത്തമാനങ്ങള്‍. ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ കേരളത്തിലെ പന്തീരായിരം സ്‌കൂളുകളില്‍നിന്ന് ആയിരമെങ്കിലും പ്രാഥമിക യോഗ്യത നേടുമെന്ന പ്രതീക്ഷ തെറ്റിപ്പോയെന്നു കേട്ടപ്പോള്‍ ഞാന്‍ മുന്‍പറഞ്ഞ കേട്ടുകേള്‍വികള്‍ ഓര്‍ക്കുകയും ചെയ്തു. പക്ഷേ ആദ്യത്തെ ദിവസം ആദ്യമായി മുമ്പിലെത്തിയ താനൂര്‍ ഡി.ജി. എച്ച്. എസ്.എസ്. തന്നെ മുന്‍വിധികള്‍ തകര്‍ത്തു. അമ്പരപ്പിക്കുന്നതായിരുന്നു സ്‌കൂളിന്റെ നേട്ടങ്ങള്‍. കുട്ടികളുടെ ഊര്‍ജ്ജസ്വലത അവരുടെ ആത്മാവിന്റെ സ്വാതന്ത്ര്യത്തെ പ്രഖ്യാപിച്ചു. ചോദ്യങ്ങളുടെ കെണികളെ അവര്‍ തന്ത്രപൂര്‍വം തിരിച്ചറിഞ്ഞു, പൊട്ടിച്ചു കളഞ്ഞു. ജൂറിയുടെ മസില്‍പ്പെരുക്കത്തെ സരസമായ ഉത്തരങ്ങളിലൂടെ അവര്‍ ഉരുക്കിക്കളഞ്ഞു. പിന്നെപ്പിന്നെ എനിക്ക് മുന്‍വിധികള്‍ നഷ്ടപ്പെട്ടു. ഹരിത വിദ്യാലയം എല്ലാവരുടെയും മുന്‍വിധികളെ തെറ്റിച്ചു. തൊണ്ണൂറു ശതമാനത്തിനു മേല്‍ പോയിന്റുകള്‍ ആദ്യ പത്തു സ്‌കൂളുകള്‍ക്കു മാത്രമായിരിക്കുമെന്നും കണക്കുകൂട്ടലും തെറ്റി. നൂറ്റി ഇരുപത്തേഴു സ്‌കൂളുകളില്‍ അമ്പതോളം തൊണ്ണൂറിന്റെ കടമ്പ അനായാസം കടന്നു.


എന്നുവച്ചു മെക്കാളെ പ്രഭുവിന്റെ പ്രേതം പൂര്‍ണമായി പിടി വിട്ടു പോയെന്ന് ആരും തെറ്റിദ്ധരിക്കരുത്. പഴയ ചരടുകള്‍ ഇപ്പോഴുമുണ്ട്. പുതിയ പാഠ്യരീതിയുടെ സമ്പ്രദായങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ കൈകാലിട്ടടിക്കുന്നവര്‍ ഏറെയാണ്. എങ്കിലും മാറ്റം ആരംഭിച്ചു കഴിഞ്ഞു. നേമം ഗവ. യു.പിയും കൂട്ടക്കനി ഗവ. യു.പിയും തൊളിക്കോട് ഗവ. എല്‍.പിയും പെരിങ്ങോട് എ.എല്‍.പിയും കടക്കരപ്പള്ളി ഗവ.എല്‍.പിയും ഒക്കെ പലപ്പോഴും ഹൃദയത്തെ തൊട്ടു വിളിച്ചു, മുറിവേല്‍പ്പിച്ചു. എല്ലാ ഇല്ലായ്മകളെയും മറികടന്ന് ജീവിക്കാനും വളരാനുമുള്ള പ്രകൃതിയുടെ ചോദനകള്‍. ഒരുവിധം സമ്പന്നരായവരെല്ലാംഅണ്‍ എയ്ഡഡ് സ്‌കൂളിലേക്കു പോകുമ്പോള്‍ ആത്മവിശ്വാസത്തോടെ പൊതുവിദ്യാലയങ്ങളില്‍ തുടരുന്നവര്‍.

വിഡിയോയില്‍ ഒരു എയ്ഡഡ് സ്‌കൂളിനെ പരിചയപ്പെടുത്തിയ പെണ്‍കുട്ടിയുടെ മുഖം പെട്ടെന്നു മനസ്സില്‍ പതിഞ്ഞു. സ്‌കൂള്‍ ലീഡറായ ചിപ്പി ഗാന. ജൂറിമൂപ്പന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന ജൂറി ചെയര്‍മാന്‍ ഡോ. ആര്‍.വി.ജി. മേനോന്‍ സാറിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങളെ ഫലപ്രദമായി നേരിടാന്‍ ചിപ്പിഗാനയ്ക്കു മാത്രമേ കഴിഞ്ഞുള്ളൂ. ആദ്യ റൗണ്ട് ചോദ്യങ്ങള്‍ക്കുശേഷം അക്കാദമിക് എക്‌സലന്‍സിന് ബി എന്നു രേഖപ്പെടുത്തി ആര്‍.വി.ജി. സാര്‍ പേന അടച്ചു വച്ചതാണ്. കുറച്ചു കഴിഞ്ഞ് മറ്റാരോ ചോദിച്ച ചോദ്യത്തില്‍നിന്ന് അദ്ദേഹത്തിനു വീണ്ടുമൊരു ചോദ്യമുണ്ടായി. ഭാസ്‌കരാചാര്യരെക്കുറിച്ചായിരുന്നു അത്. ഉത്തരം പറയാന്‍ ചിപ്പിഗാനയേ ഉണ്ടായിരുന്നുള്ളൂ. ലീലാവതി എന്ന ഗ്രന്ഥത്തിന് ആ പേരിടാനുള്ള കാരണം വരെ ചിപ്പിഗാന വിവരിച്ചപ്പോള്‍ ബി വെട്ടി എ ആക്കിക്കൊണ്ട് ആര്‍.വി.ജി. സാര്‍ സ്വകാര്യമായി പറഞ്ഞു, ''ഇതു വാസ്തവത്തില്‍ സ്‌കൂളിനുള്ളതല്ല, ചിപ്പി ഗാനയ്ക്കുള്ളതാണ്.''

അതുകൊണ്ട് അതിനുശേഷം സ്‌കൂളുകള്‍ക്കുവേണ്ടി ഒറ്റയ്ക്കു പൊരുതാനിറങ്ങിയ താരങ്ങള്‍ക്കു ഞങ്ങള്‍ ഒരു പേരിട്ടു - ചിപ്പി ഗാന. എന്റെ നിരീക്ഷണത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്നെത്തിയ സംഘങ്ങളില്‍ മിക്കവാറും പേര്‍ക്ക് ഒരേ നിലവാരമുണ്ടായിരുന്നു. പക്ഷേ എയ്ഡഡ് സ്‌കൂളുകള്‍ മിക്കതും ചിപ്പി ഗാന സ്‌കൂളുകള്‍ ആയി. മിക്കവാറും ഒരു താരം മാത്രം. സംഘത്തിലെ മറ്റു കുട്ടികള്‍ നിശ്ശബ്ദരായി. ചിപ്പിഗാനമാര്‍ ഷോ ഏറ്റെടുത്തു. യുദ്ധം ജയിക്കുന്ന ചുമതല ഏറ്റെടുത്ത സേനാപതികളെപ്പോലെ അവര്‍ തിരിഞ്ഞും മറിഞ്ഞും നിന്ന് അങ്കം വെട്ടി. അവരുടെയൊക്കെ കുഞ്ഞുമുഖങ്ങളില്‍ നാളെ അവര്‍ ആയിത്തീരാവുന്ന പാകത നേടിയ പ്രതിഭാശാലികളെയും ശാലിനികളെയും സങ്കല്‍പ്പിക്കുക രസകരമായിരുന്നു. അവരുടെ മുഖങ്ങളില്‍ എഴുത്തുകാരും ഭരണാധികാരികളും പ്രഫഷനലുകളുമൊക്കെ പണിതീരാത്ത ശില്‍പങ്ങള്‍ പോലെ അവ്യക്തമായി തെളിഞ്ഞു കിടന്നു. കേരളത്തിലെ അന്യംനിന്ന നെല്‍വിത്തിനങ്ങള്‍ എണ്ണിപ്പറയുന്ന കൂട്ടക്കനിയിലെ എല്‍.പി. കുട്ടികളെയും ഏതു പുസ്തകത്തെക്കുറിച്ചു ചോദിച്ചാലും ഉത്തരം പറയുന്ന ഫര്‍ഹാനമാരും കണ്ടപ്പോള്‍ റിയാലിറ്റി ഷോകളെ ആക്ഷേപിച്ചു നടന്ന എന്നെ ഇതില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ച ഡോ. ബി. ഇക്ബാലിനോടു നന്ദി തോന്നി. പ്രായം ചെല്ലുന്തോറും മനുഷ്യര്‍ കുഞ്ഞുങ്ങളുടെ സാമീപ്യം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായി. സ്വയം വളരാന്‍ സചേതനമായതെന്തെങ്കിലും ചുറ്റുമുണ്ടാകണം.


റിയാലിറ്റി ഷോയില്‍ പങ്കെടുത്ത അധ്യാപകരെ രണ്ടായി തിരിക്കാം. കുട്ടികളെ ലാളിക്കുന്ന അധ്യാപകരും ലാളിക്കാത്ത അധ്യാപകരും. ആദ്യ വിഭാഗത്തില്‍പ്പെട്ട അധ്യാപകരുടെ ശരീരഭാഷയില്‍ പിരിമുറുക്കമില്ല. അവരുടെ അടുത്തിരിക്കുമ്പോള്‍ കുട്ടികള്‍ക്ക് അസ്വസ്ഥതയില്ല. അത്തരം അധ്യാപകരെ തോല്‍പ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് ആ കുട്ടികള്‍ ഞങ്ങളോടു പൊരുതിയത്. സ്‌കൂളിനെ ജയിപ്പിക്കാനായിരുന്നു അവരുടെ യുദ്ധം. അതിനുവേണ്ടി അവര്‍ കള്ളം പറഞ്ഞു. ഏതു ചോദ്യത്തെയും നേരിട്ടു. ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമേതെന്ന ചോദ്യത്തിന് ഒരു സംശയവുമില്ലാതെ 'സ്‌കൂളില്‍ കിട്ടുന്ന ചോറും സാമ്പാറും ' എന്നു മറുപടി നല്‍കി. ഈ വിഭാഗം അധ്യാപകര്‍ കുട്ടികളുടെ മറുപടി ആസ്വദിച്ചു. കുട്ടികള്‍ തെറ്റിച്ചാല്‍ ഒരു അമ്പരപ്പ്. അല്ലെങ്കില്‍ ചെറുചിരി.

രണ്ടാമത്തെ തരക്കാര്‍ക്കു കുട്ടികളോടു യാതൊരു അടുപ്പവുമില്ല. ഒപ്പം വന്ന ആറു കുട്ടികളുടെ പേരു പോലും അവര്‍ ഓര്‍ത്തു വയ്ക്കാന്‍ മെനക്കെട്ടില്ല. മോരും മുതിരയും പോലെ അവരും കുട്ടികളും പരസ്​പരം ചേരാതെ അടുത്തടുത്ത് അകലെയായി ഇരുന്നു. ആ കുട്ടികളുടെ മുഖത്ത് ഒന്നുകില്‍ നിസ്സംഗത, അല്ലെങ്കില്‍ അപകര്‍ഷതാബോധം. ഉത്തരം പറയാന്‍ കഴിയാത്തപ്പോള്‍ തികഞ്ഞ കുറ്റബോധം. അവരുടെ ഉത്തരങ്ങളില്‍ ആര്‍ജ്ജവമുണ്ടായില്ല. അവരുടെ ശബ്ദത്തില്‍ ആത്മാര്‍ഥതയുമുണ്ടായില്ല.

ചില സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് സ്വന്തം നേട്ടങ്ങള്‍ എത്ര പൊലിപ്പിച്ചു പറഞ്ഞിട്ടും മതിയായില്ല. കള്ളം പറയാന്‍ കുട്ടികളെ പ്രേരിപ്പിക്കാനും ചോദ്യങ്ങള്‍ക്ക് ആരും കേള്‍ക്കാതെ ഉത്തരം പറഞ്ഞു കൊടുക്കാനും മടിയുണ്ടായില്ല. പക്ഷേ വന്നവരില്‍ ചിലര്‍ മഹാ പ്രസ്ഥാനങ്ങളാണ്. കീച്ചേരിയിലെ സോമന്‍ മാഷും ആലുവ പൂത്തൃക്കയിലെ സദാനന്ദന്‍ മാഷും ഉദാഹരണങ്ങള്‍. സദാനന്ദന്‍ മാഷ് കേരള ചരിത്രത്തില്‍സ്ഥാനം പിടിക്കേണ്ട ആളാണ്. രാവിലെ അഞ്ചു മണിക്ക് പത്താം ക്ലാസിലെ വിദ്യാര്‍ഥികളെ മുഴുവന്‍ ഫോണ്‍ ചെയ്തു വിളിച്ചുണര്‍ത്തുന്ന അധ്യാപകന്‍ ! കീച്ചേരിയിലെ സോമന്‍ മാഷിന്റെ മുഖത്തു നിറയെ ആകുലതയാണ്. സ്‌കൂളിനു വേണ്ടി ഇനിയെന്തു ചെയ്യാന്‍ കഴിയും എന്നാണത്രേ അദ്ദേഹത്തിന്റെ സര്‍വചിന്തയും. ഭരണങ്ങാനം സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ആയ സിസ്റ്റര്‍ പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് വീട്ടില്‍ പ്രശ്‌നങ്ങളുള്ള ഒരു കുട്ടിയുടെ രക്ഷിതാക്കളെ തേടി പോയി. അവനെ പരീക്ഷ എഴുതിപ്പിക്കാന്‍ അവരുടെ കാലുപിടിച്ചു. അവന്‍ തോറ്റുപോയി. പഠിക്കാത്തതുകൊണ്ടല്ല, അവന്റെ സാഹചര്യങ്ങള്‍ അനുവദിക്കാത്തതുകൊണ്ടാണ് അവന്‍ തോറ്റത് എന്നും അതുകൊണ്ട് നൂറു ശതമാനം വിജയം നഷ്ടപ്പെട്ടതില്‍ സങ്കടമില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. പാലക്കാട്ടെ ഒരു ഗ്രാമത്തില്‍നിന്നെത്തിയ എല്‍.പി. സ്‌കൂള്‍ കുട്ടികള്‍ക്കെല്ലാം ഒരേ തരത്തിലുള്ള ഹെയര്‍ബാന്‍ഡ് വാങ്ങിക്കൊടുത്തത് അധ്യാപികമാരാണ്. പല സ്‌കൂളുകളിലും എല്ലാ കുട്ടികള്‍ക്കും രണ്ടു നേരവും ചിലപ്പോഴൊക്കെ മൂന്നു നേരവും പി.ടി.എ. ഉച്ചഭക്ഷണം നല്‍കുന്നു. ഒന്നിച്ചിരുന്നുള്ള ഭക്ഷണത്തിന്റെ പോഷണം അവരുടെ ശരീരത്തിനെന്നതുപോലെ മനസ്സിനുമുണ്ടാകും, അതു തിരിച്ചറിയാന്‍ അവര്‍ക്കു വര്‍ഷങ്ങള്‍ വേണ്ടി വരുമെങ്കിലും.
അതേസമയം, ചില സ്‌കൂളുകളിലെ അധ്യാപികമാരുടെ ശരീരഭാഷ തമ്പുരാട്ടിമാരുടേതായിരുന്നു. കുട്ടികളുടേത് അധസ്ഥിതരുടേതും. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള സാമ്പത്തിക അന്തരമാണ് കോളജുകളിലെ വലിയൊരു പ്രശ്‌നമെന്ന് കേള്‍ക്കാറുണ്ട്. അര ലക്ഷം ശമ്പളം കിട്ടുന്ന കോളജ് അധ്യാപിക സില്‍ക്ക് സാരികളും ആഭരണങ്ങളും മാറി മാറി പ്രദര്‍ശിപ്പിക്കുന്നു. കോളജ് അധ്യാപകന്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നു. ഇരുകൂട്ടരും അത്താഴപ്പട്ടിണിക്കാരായ വിദ്യാര്‍ഥികളെ ഒന്നിനും കൊള്ളാത്തവരെന്ന് എഴുതിത്തള്ളുന്നു. സമാനമായ സ്ഥിതിയുണ്ട്, പല സര്‍ക്കാര്‍ സ്‌കൂളുകളിലും. ധനികയായ അധ്യാപികയുടെ അടുത്ത് പരുങ്ങിയിരിക്കുന്ന നിര്‍ധനയായ കുട്ടിയുടെ അപകര്‍ഷത കണ്ണില്‍ കുത്തിക്കയറുന്നതാണ്. പുതിയ പഠനരീതിയില്‍ അധ്യാപകര്‍ക്ക്് അറിവില്ലെങ്കിലും സാരമില്ല, വ്യക്തമായ സാമൂഹിക ബോധം അത്യാവശ്യമാണ്. മാനുഷികതയുടെ രാഷ്ട്രീയമാണത്. സ്‌കൂള്‍ അധ്യാപകര്‍ക്ക് അത്തരമൊരു രാഷ്ട്രീയവിദ്യാഭ്യാസം കൂടി ലഭിക്കാതെ പാഠ്യപദ്ധതി വിജയിക്കില്ല.

പങ്കെടുക്കാനെത്തിയ കുട്ടികള്‍ മൂന്നു തരക്കാരാണ്. വീട്ടിലും സ്‌കൂളിലും ലാളിക്കപ്പെടുന്നവര്‍. അവര്‍ പ്രസരിപ്പിന്റെ ആള്‍രൂപങ്ങളാണ്. വീട്ടില്‍ മാത്രം ലാളിക്കപ്പെടുന്നവര്‍. അവരുടെ മുഖത്ത് പിരിമുറുക്കമില്ല. പക്ഷേ ഉത്തരം പറയാന്‍ വിമുഖതയുണ്ട്. മൂന്നാമത്തെ തരക്കാര്‍ വീട്ടിലും സ്‌കൂളിലും ലാളിക്കപ്പെടാത്തവരാണ്. കണ്ണുകളില്‍ ദു:ഖം തളംകെട്ടിക്കിടക്കുന്ന കുഞ്ഞുങ്ങള്‍. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോഴും ചിരിക്കുമ്പോഴും അവരുടെ കണ്ണുകളുടെ ആഴത്തില്‍ മറ്റേതോ ഉല്‍ക്കണ്ഠകളുടെ നിഴല്‍ കാണാം. എന്താവാം അവരുടെ മനസ്സിലെന്നോര്‍ത്തപ്പോഴൊക്കെ എന്റെ മനസ്സും മ്ലാനമായി. ഒരുപക്ഷേ, സ്‌നേഹമില്ലാത്ത ഒരു വീട്, കലഹങ്ങള്‍, ഇല്ലായ്മകള്‍, ഒറ്റപ്പെടലും നിസ്സഹായതയും. യഥാര്‍ഥത്തില്‍ കുഞ്ഞുങ്ങളെ തോല്‍പ്പിക്കുന്നത് അവരുടെ അച്'നമ്മമാരാണ്. അവര്‍ മാത്രം.


മനസ്സില്‍ നിന്നു മായാത്ത മുഖങ്ങളിലൊന്ന് ഒരു കൊച്ചു മിടുക്കന്റേതാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമറിയാവുന്ന ഒരാള്‍. അവന്‍ കുഞ്ഞുണ്ണിക്കവിതയും ഒ.എന്‍.വിക്കവിതയും ചൊല്ലി. എല്ലാ അവസരവും അവനു തന്നെ വേണം. ചോദ്യം തന്നോടല്ലെങ്കിലും തനിക്കു വേണ്ടിത്തന്നെയെന്ന പോലെ തന്നോടു തന്നെ ഉത്തരങ്ങള്‍ അവനും പറയും. സഹപാഠികളെ അവന്‍ വല്ലാതെ ഉപദ്രവിക്കുന്നു എന്നു ടീച്ചര്‍മാര്‍ പിന്നീടു സ്വകാര്യമായി പറഞ്ഞു. ഒരിത്തിരി പരിഗണന കിട്ടിയപ്പോഴൊക്കെ ആ മുഖം വിടര്‍ന്ന് പ്രകാശിച്ചു. ഒരുപക്ഷേ, ഒരു വയസ്സിനിളയ കുഞ്ഞനുജന്‍ അവന്‍ അര്‍ഹിക്കുന്ന ശ്രദ്ധ പിടിച്ചെടുക്കുന്നു. അല്ലെങ്കില്‍ അവന് വേണ്ടത്ര സ്‌നേഹം നല്‍കാന്‍ ഡ്രൈവറായ അച്'നും കയര്‍ തൊഴിലാളിയായ അമ്മയ്ക്കും സാധിക്കുന്നില്ല. പഠിക്കാന്‍ യാതൊരു സാഹചര്യവുമില്ലാത്ത കുഞ്ഞുങ്ങളെ സ്‌കൂളിലെത്തിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് അധ്യാപകര്‍ ചിലര്‍ വിവരിച്ചു കേട്ടപ്പോഴൊക്കെ മനസ്സില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളും എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളും തെളിഞ്ഞു. ചിലര്‍ക്ക് ഊണു കിട്ടാത്തതിന്റെ ദു:ഖം. ഊണു കിട്ടിയവര്‍ക്ക് പായ കിട്ടാത്തതിന്റെ ദു:ഖം.

ഹരിതവിദ്യാലയത്തില്‍ പങ്കെടുത്ത വിദ്യാലയങ്ങളെല്ലാം പറഞ്ഞതു സത്യമാകണമെന്നില്ല. ഷൂട്ട് ചെയ്യാന്‍ പോയ പ്രൊഡക്ഷന്‍ ടീമുകള്‍ വിവരിച്ച ചില കഥകളെങ്കിലും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. ഒരു സ്‌കൂളിലേക്കു വഴി കാണിക്കാനെത്തിയ അധ്യാപകന് ഒരു ഫോണ്‍കോള്‍ -ശ്മശാനത്തിന്റെ സ്‌പെല്ലിങ് ശ്മ ആണോ സ്മ ആണോ ?. പ്ലാസ്റ്റിക് ശ്മശാനം എന്ന ബോര്‍ഡ് വയ്ക്കാനാണ്. ചില സ്‌കൂളുകളില്‍ ചെടിച്ചട്ടികള്‍ കൊണ്ടു വന്നിറക്കുന്നതേയുണ്ടായിരുന്നുള്ളൂ. ചില സ്‌കൂളുകള്‍ റെഡിമെയ്ഡ് പുല്‍ത്തകിടി വച്ചു പിടിപ്പിക്കുന്ന തിരക്കിലായിരുന്നു. പല സ്‌കൂളുകളുടെയും ലൈബ്രറിയിലെ പുത്തന്‍ പുതിയ പുസ്തകങ്ങളും സിമന്റുണങ്ങാത്ത കമ്പോസ്റ്റ് കുഴിയും വെട്ടിത്തിളങ്ങുന്ന വെയ്‌സ്റ്റ് ബാസ്‌കറ്റുകളുമൊക്കെ പല സത്യങ്ങളും വിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ ജീവിതത്തിലൊരിക്കലും ഇങ്ങനെയൊരു വിദ്യാഭ്യാസ റിയാലിറ്റി ഷോ വരുമെന്ന പ്രതീക്ഷയില്ലാതെ സ്വന്തം സ്‌കൂളിനെ മോടിപിടിപ്പിക്കാനും അതിന്റെ നിലവാരം മെച്ചപ്പെടുത്താനും ശ്രമിച്ച പ്രധാനാധ്യാപകരും അധ്യാപകരും പി.ടി.എകളുമുണ്ടായി, നമ്മുടെ ഈ സ്വാര്‍ഥ കേരളത്തില്‍ എന്നതാണ് വിശ്വസിക്കാന്‍ ഇപ്പോഴും പ്രയാസം തോന്നുന്ന കാര്യം.

ഞങ്ങളുടെ മുമ്പില്‍ ഒരു എല്‍.പി. സ്‌കൂള്‍. കുട്ടികള്‍ ഉത്തരം പറയുമ്പോള്‍ സദസ്സിലിരിക്കുന്ന ഒരു യുവതി ആവേശം കൊള്ളുന്നതും കണ്ണു തുടയ്ക്കുന്നതും ശ്രദ്ധിച്ച് അക്ബര്‍ മാഷ് പറഞ്ഞു, ഈ കുട്ടിയുടെ അമ്മയായിരിക്കും, അത്. പക്ഷേ, അത് അമ്മയായിരുന്നില്ല, അവരുടെ പ്രിയപ്പെട്ട ധന്യ ടീച്ചറായിരുന്നു. ചോദ്യോത്തരങ്ങള്‍ കഴിഞ്ഞ് കുട്ടികള്‍ ഇറങ്ങിയതും അവര്‍ക്കരികിലേക്കു ടീച്ചര്‍ ഓടിച്ചെല്ലുന്നതും വിശേഷങ്ങള്‍ ചോദിക്കുന്നതും കണ്ടു. എനിക്ക് അപ്പോള്‍ എന്റെ മകളുടെ പഴയ സ്‌കൂളില്‍ അവള്‍ ഏറെ സ്‌നേഹിച്ചിരുന്ന ഒരു സീനിയര്‍ അധ്യാപികയെ ഓര്‍ത്തു. സ്‌കൂള്‍ മാറിയിട്ടും അവരെ പിരിയുന്നത് അവള്‍ക്കു സങ്കടമായിരുന്നു. വ്യാകരണം പഠിക്കാന്‍ ആ ടീച്ചറുടെ പോകണമെന്ന് അവള്‍ ശാഠ്യം പിടിച്ചു. പക്ഷേ ഇത് അറിഞ്ഞപ്പോള്‍ സ്‌കൂളിന്റെ ഡയറക്ടര്‍ ടീച്ചറെ വിളിച്ചു ശകാരിച്ചത്രേ : മറ്റാരെ പഠിപ്പിച്ചാലും ആ കുട്ടിയെ പഠിപ്പിക്കാന്‍ പാടില്ല !

The years which a student spends in a school must leave behind in him a fragrance and delight. This can only happen when there is no competition, no authority, when teaching and learning is a simultaneous process in the present, where the educator and the educated are both participating in the act of learning.

-എന്നു പറഞ്ഞ ജെ.കൃഷ്ണമൂര്‍ത്തി നമ്മുടെ പല അധ്യാപകരെയും കണ്ടിട്ടില്ല എന്നു ചുരുക്കം. കുട്ടിക്കാലത്തെ സുരഭിലമാക്കിയതിന് എന്റെ വിദ്യാലയത്തോടും അധ്യാപകരോടും എനിക്കു നന്ദി തോന്നുന്നു. ഓര്‍മകളുടെ ഫ്രാഗ്‌രന്‍സ്, ഡിലൈറ്റ്. അതൊക്കെ തിരികെത്തന്നതിന് ഹരിതവിദ്യാലയത്തിനും നന്ദി. കൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍ എത്ര സത്യം, നമ്മളെല്ലാം എക്കാലവും പഠിതാക്കളാണ്.

ഹരിതവിദ്യാലയം എന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ അവതാരക പ്രമിത പ്രേമിനെ ഒഴിവാക്കി ഞാനിതെങ്ങനെ പൂര്‍ത്തീകരിക്കും? ആള്‍ ചില്ലറക്കാരിയല്ല. ഒരു പ്രധാന സി.ബി.എസ്.ഇ. സ്‌കൂളില്‍ പഠിച്ചു. ഒഴുക്കുള്ള ഇംഗ്ലീഷ്, നല്ല ആത്മവിശ്വാസം. പ്ലസ് ടൂ കഴിഞ്ഞപ്പോള്‍ത്തന്നെ പലരും കൊതിക്കുന്ന ജോലി കരസ്ഥമാക്കി. ഒപ്പം പ്രൈവറ്റായി ഡിഗ്രിക്കും പഠിക്കുന്നു. ഒരു സുഹൃത്ത് പ്രമിതയെക്കുറിച്ച് ഇങ്ങനെയാണു പറഞ്ഞത് - മിടുക്കിക്കുട്ടി. മറ്റ് അവതാരകമാരെപ്പോലെ കൊഞ്ചിക്കുഴയലില്ല. നല്ല കാര്യഗൗരവം. വിവരവും വിദ്യാഭ്യാസവുമുള്ള കുട്ടി. എല്ലാ അവതാരകമാരും ഇതുപോലെയായിരുന്നെങ്കില്‍ ടിവി പരിപാടികള്‍ എത്ര മാറിപ്പോയേനെ.

ഹരിതവിദ്യാലയത്തിന്റെ അവസാനത്തെ ഷെഡ്യൂളില്‍ പ്രമിതയെ കണ്ടപ്പോള്‍ ഇതൊക്കെ ഞാന്‍ പറഞ്ഞു. കേട്ടിരുന്നവരെല്ലാവരും പൊട്ടിച്ചിരിച്ചു. കുറച്ചു കഴിഞ്ഞ് ചങ്ങമ്പുഴയെക്കുറിച്ച് എന്തോ പരാമര്‍ശമുണ്ടായപ്പോള്‍ പ്രമിതയുടെ നെറ്റി ചുളിഞ്ഞു.

'' ചങ്ങമ്പുഴ? ഞാന്‍ കേട്ടിട്ടുണ്ട്, മാം, ഞാന്‍ കേട്ടിട്ടുണ്ട്.''

''എങ്കില്‍ പറയൂ, ആരാണെന്ന്?''

''ഞാന്‍ ഒന്നോര്‍ത്തു നോക്കട്ടെ, ങ്ഹാ.. ഒരു എഴുത്തുകാരന്‍.. ''

''മുഴുവന്‍ പേര്?''

''ഓര്‍ത്തു നോക്കട്ടെ.. ങ്ഹാ.. കിട്ടിപ്പോയി. ചങ്ങമ്പുഴ രമണന്‍!''

കേട്ടിരുന്ന ഡോ. പീയൂഷ് ആന്റണി പലപ്പോഴും പറയാറുള്ള വാക്കുകള്‍ ആവര്‍ത്തിച്ചു:

''മോളേ, നിന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും. !''

കുറച്ചു കഴിഞ്ഞപ്പോള്‍ പ്രമിത വീണ്ടും പിന്നാലെ വന്നു.

''മാം, എനിക്കു പേരു കിട്ടി.''

ഞാന്‍ പ്രതീക്ഷയോടെ നോക്കി.

''ചങ്ങമ്പുഴ കൃഷ്ണന്‍പിള്ള- ശരിയല്ലേ? ''

ഓമനത്തമുള്ള ആ മുഖത്തു നോക്കിയാല്‍ മനുഷ്യര്‍ക്ക് നേരാംവണ്ണം ദേഷ്യം വരികയില്ല. ചിലപ്പോള്‍ അവള്‍ എന്റെ മകളെ ഓര്‍മിപ്പിക്കുന്നതുകൊണ്ടായിരിക്കാം. അതു വഴി കേരളത്തിലെ അണ്‍എയ്ഡഡ് സി.ബി.എസ്.ഇ. സ്‌കൂളുകളിലെ അസംഖ്യം കുട്ടികളെ ഓര്‍മിപ്പിക്കുന്നതുകൊണ്ടായിരിക്കാം.

ഒരു ദിവസം പ്രമിത ആത്മവിശ്വാസത്തോടെ കുട്ടികളെ നേരിട്ടു.

'' വൈദ്യുതാഗമന നിര്‍ഗമന നിയന്ത്രണ യന്ത്രം - എന്താ അര്‍ഥം? ''

'' സ്വിച്ച്.. ''

കുട്ടികള്‍ സംശയമില്ലാതെ പറഞ്ഞു. പ്രമിതയുടെ കണ്ണുകള്‍ മിഴിഞ്ഞു.

'' ശ്ശോ, നിങ്ങളിതൊക്കെ എവിടെ നിന്നു പഠിച്ചു? ''

'' സ്‌കൂളില്‍ നിന്ന്.. ''

കുട്ടികള്‍ കോറസ്സായി പറഞ്ഞു. പ്രമിതയുടെ അദ്ഭുതം കണ്ട് ചിരിയടക്കാന്‍ കഴിയാതെ ഞങ്ങള്‍ കഷ്ടപ്പെട്ടു.

ഒരു സ്‌കൂളിന്റെ മാതൃകാപ്രവര്‍ത്തനങ്ങള്‍ വിവരിച്ചു കഴിഞ്ഞ് പ്രധാനാധ്യാപകന്‍ രഹസ്യമായി പ്രമിതയോട് ചോദിച്ചു :

''മാഡം, ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്‍കിയതിലുള്ള ചാരിതാര്‍ഥ്യം ഞാനൊന്നു പ്രകടിപ്പിച്ചോട്ടെ? ''

ചാരിതാര്‍ഥ്യം എന്ന വാക്കിന്റെ അര്‍ഥം അറിയാതെ ശബ്ദം താഴ്ത്തിയുള്ള ആ ചോദ്യത്തെ തെറ്റിദ്ധരിച്ച് പ്രമിത വിവര്‍ണമായ മുഖത്തോടെ പിന്നോക്കം ചാടി.

''അയ്യോ,.. വേണ്ടാ വേണ്ടാ..! ''

വീണ്ടും പൊട്ടിച്ചിരി ഉയര്‍ത്തിയ കഥ. ഏതായാലും പോരാന്‍ നേരമായപ്പോഴേക്ക് പ്രമിതയുടെ മലയാളം നന്നേ മെച്ചപ്പെട്ടിരുന്നു. ഒരു ദിവസം പ്രമിത ആരോടോ ഫോണില്‍ ഒഴുക്കുള്ള തമിഴ് സംസാരിക്കുന്നത് കേട്ട അക്ബര്‍ മാഷ് അദ്ഭുതപ്പെട്ടു:

''നിനക്ക് തമിഴ് അറിയാമോ?''

'' ഞാന്‍ സ്വന്തമായി പഠിച്ചതാണു മാഷേ. എന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നതു കേട്ടു പഠിച്ചതാണ്.. ''

'' അതു ശരി, നിനക്കിത്രയും വിവരമുണ്ടെന്നു ഞാന്‍ ഇതുവരെ മനസ്സിലാക്കിയില്ല. ഏതായാലും അഭിനന്ദനങ്ങള്‍...!''

മാഷില്‍നിന്ന് ആദ്യമായി ഒരു അഭിനന്ദനം കേട്ട പ്രമിത സ്വന്തം ചാരിതാര്‍ഥ്യം പ്രകടിപ്പിച്ചത് ഇങ്ങനെ:

''എന്റെ മാഷേ, എനിക്കിനിയങ്ങു ജീവിച്ചാലും മതി! ''

അഭിപ്രായങ്ങള്‍

  1. ഗീത ടീച്ചര്‍, ബ്ലോഗ് കാണുന്നതിനും അഭിപ്രായങ്ങള്‍ നല്‍കുന്നതിനും നന്ദി.ഹരിതവിദ്യാലയം പരിപാടി നമ്മുടെ സ്കൂളുകളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള ബോധ്യം രക്ഷാകര്‍ത്താക്കള്‍ക്കും നാട്ടുകാര്‍ക്കും നല്‍കുന്നുണ്ട്.ഇത് നമ്മുടെ സ്തൂളിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കുമ്പോഴാണ് നാമും മികവിലേക്കുയരുന്നത്.പ്രാദേശിക തലത്തില്‍ നമുക്കും റിയാലിറ്റി ഷോ നടത്തിയാലോ?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ